08:18pm 17 April 2026
NEWS
കേരളത്തിന്റെ സ്‌നേഹം അയവിറക്കി ഊഷ്മള സ്മരണകളോടെ ഗ്യാനേഷ് കുമാർ
14/03/2026  02:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളത്തിന്റെ സ്‌നേഹം  അയവിറക്കി ഊഷ്മള  സ്മരണകളോടെ ഗ്യാനേഷ് കുമാർ

പ്രവാസി ജീവിതത്തിനിടെ ജന്മനാട്ടിലേക്കു മടങ്ങിവരുന്നതുപോലെ, സ്‌നേഹോഷ്മള സ്മരണകളും സമ്മിശ്ര വികാരങ്ങളുമായി കേരളത്തിൽ ത്രിദിന സന്ദർശനത്തിനെത്തി തിരക്കിട്ട ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. രണ്ടു പതിറ്റാണ്ടു മുമ്പ് എറണാകുളം ജില്ലയുടെ പ്രിയപ്പെട്ട കളക്ടറായിരിക്കവേ പരിചയപ്പെട്ട ചുറുചുറുക്കുള്ള യുവ ഓഫീസർക്ക് പല പടവുകൾ കയറി ഉന്നതമായ ഭരണഘടനാ സ്ഥാനത്തെത്തിയപ്പോൾ വന്ന മാറ്റമെന്തെല്ലാമെന്ന വിലയിരുത്തലിനുവേണ്ടി മാധ്യമ പ്രവർത്തകർ വിവിധ തലങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ലഭ്യമായത് 'കൂടുതൽ പക്വത' എന്ന ഒരേയൊരു ഉത്തരം മാത്രം.    

2025 ഫെബ്രുവരി -19 നാണ് ഇന്ത്യയുടെ 26-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി 1988-ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ്‌കുമാർ ചുമതലയേറ്റത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയോജനക്കുറിപ്പ് തള്ളിയായിരുന്നു ഗ്യാനേഷ് കുമാറിന്റെ നിയമനം. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെട്ട സമിതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നത്. ഈ പാനലിൽ കേന്ദ്രസർക്കാരിന് ഭൂരിപക്ഷം ലഭിക്കുന്നതിനാൽ സ്വതന്ത്ര നിയമനം സാധ്യമല്ലെന്ന് ആരോപിച്ച് സുപ്രീം കോടതിയിലുള്ള കേസിൽ അന്തിമ വിധി വന്നിട്ടില്ല.

തിരഞ്ഞെടുപ്പ് കമ്മീഷനിൽ ചേരുന്നതിന് മുമ്പ്, ഗ്യാനേഷ് കുമാർ സർക്കാരിൽ നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായും ആഭ്യന്തര മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. പാർലമെന്ററി കാര്യ മന്ത്രാലയത്തിലും സഹകരണ മന്ത്രാലയത്തിലും സെക്രട്ടറിയായിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്നുള്ള തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചകാലത്ത് അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ഭരണരംഗത്തെ വൈവിധ്യമാർന്ന അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകൾ കൂടുതൽ സുഗമമാക്കാൻ സഹായിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

പൊതുഭരണത്തിൽ ഗ്യാനേഷ് കുമാറിന് വൈവിധ്യമാർന്ന കരിയർ സ്വന്തമാണ്. എറണാകുളം ജില്ലാ കളക്ടർ, കൊച്ചിൻ കോർപ്പറേഷൻ കമ്മീഷണർ, കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് മാനേജിംഗ് ഡയറക്ടർ തുടങ്ങി വിവിധ പദവികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ പൊതുമരാമത്ത്, ഭക്ഷ്യവിതരണം മുതൽ ഗതാഗത പദ്ധതികൾ വരെയുള്ള മേഖലകളിൽ നേതൃസ്ഥാനങ്ങൾ വഹിച്ചു. ഉത്തർപ്രദേശിൽ ജനിച്ച ഗ്യാനേഷ് കുമാർ, ഐഐടി കാൺപൂരിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദം നേടിയിട്ടുണ്ട്. ഐസിഎഫ്എഐയിൽ നിന്ന് ബിസിനസ് ഫിനാൻസിൽ ഉന്നത ബിരുദമെടുത്തു. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പരിസ്ഥിതി സാമ്പത്തിക ശാസ്ത്രവ ബിരുദവും നേടിയിട്ടുണ്ട്.

'സ്വീപ് 2026' 

കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുവ വോട്ടർമാരെ ബോധവൽക്കരിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമായി പങ്കാളികളാക്കാനും ലക്ഷ്യമിട്ടുള്ള 'സ്വീപ് 2026' പദ്ധതിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ സന്ദർശനത്തോടെ കൊച്ചിയിൽ തുടക്കമായി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് സാക്ഷരതയും പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം തയ്യാറാക്കിയ 'സ്വീപ് 2026 ജെൻഇസഡ് ആന്തം' ഓഡിയോ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു.
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിൽ നടപ്പിലാക്കണമെന്ന് ഗ്യാനേഷ് കുമാർ അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ വോട്ടർമാർ സുതാര്യമായും സമാധാനപരമായും വോട്ടവകാശം വിനിയോഗിക്കണം. ജനാധിപത്യ പ്രക്രിയയിൽ സജീവമായി ഇടപെടാൻ യുവജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് അദ്ദേഹം വോട്ടർമാരുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആദ്യമായി വോട്ട് രേഖപ്പെടുത്താൻ തയ്യാറെടുക്കുന്നവർക്ക് ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡുകളും വിതരണം ചെയ്തു. വിവിധ കോളേജുകളിൽ നിന്നായി മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. 

ഗോശ്രീ പാലത്തിലൂടെ വിദ്യാർത്ഥികൾക്കൊപ്പം നടന്ന് ഗ്യാനേഷ് കുമാർ  ഓർമ്മകൾ പങ്കുവച്ചു. താൻ കളക്ടറായിരിക്കെ സജ്ജമാക്കിയ മ്യൂസിക്കൽ വാക്വേ , ചീനവല പാലം, ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിൽ ഗ്യാനേഷ്‌കുമാർ സന്ദർശനം നടത്തുകയും അവയുടെ നിർമ്മാണ കാലത്തെ ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു. വൈപ്പിൻ ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട യാത്രാദുരിതത്തിന് അറുതിവരുത്തിയ ഗോശ്രീ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട  അനുഭവങ്ങളും വിവരിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്ക, സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽകർ, അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, സ്വീപ് ഇൻചാർജ് ശർമിള സി. നായർ, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, അസിസ്റ്റന്റ് ഇലക്ഷൻ നോഡൽ ഓഫീസർ ജോസഫ് ആന്റണി ഹർട്ടിസ്, സിനിമാ താരങ്ങളായ ടിനി ടോം, സിജോയ് വർഗീസ്, സരയു, സംഗീത സംവിധായകൻ ജോർജ് പീറ്റർ, സി ത്രീ സീൻ മേക്കേഴ്‌സ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഫോൺ ആകാം

കേരളത്തിലെ വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷന്റെ ഗേറ്റ് വരെ മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ അനുവാദമുണ്ടാകുമെന്നും ഇവിഎമ്മുകളിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോ ഉണ്ടായിരിക്കുമെന്നും വോട്ടെടുപ്പ് തയ്യാറെടുപ്പ് അവലോകനത്തെക്കുറിച്ച് വിശദീകരിക്കവേ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇവിഎമ്മുകളിലെ ആദ്യ രണ്ട് റൗണ്ടുകൾക്ക് മുമ്പ് പോസ്റ്റൽ ബാലറ്റുകൾ എണ്ണും. ഫോം 17 സി യും ഇവിഎം ഡാറ്റയും തമ്മിൽ പൊരുത്തക്കേട് ഉണ്ടായാൽ വിവിപാറ്റ് സ്ലിപ്പുകൾ നിർബന്ധമായും എണ്ണുമെന്നും ഗ്യാനേഷ് കുമാർ അറിയിച്ചു. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും 100 ശതമാനം വെബ് കാസ്റ്റിംഗ് ഉണ്ടായിരിക്കും.

'വോട്ടിംഗ് എളുപ്പമാക്കുന്നതിന്' തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനങ്ങൾ ചീഫ് ഇലക്ഷൻ കമ്മീഷണർ ചൂണ്ടിക്കാട്ടി. 'പോളിംഗ് സ്റ്റേഷന്റെ ഗേറ്റ് വരെ വോട്ടർമാർക്ക് മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ അനുവാദമുണ്ടാകും. സംശയമില്ലാതെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ വോട്ടർമാരെ പ്രാപ്തരാക്കുന്നതിനായി, കേരളത്തിൽ ആദ്യമായി സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോകൾ ലഭ്യമാകും. പ്രിസൈഡിംഗ് ഓഫീസർ ഓരോ രണ്ട് മണിക്കൂറിലും ഔദ്യോഗിക ആപ്പിൽ വോട്ടർമാരുടെ വോട്ടെടുപ്പ് ഡാറ്റ നേരിട്ട് അപ്ലോഡ് ചെയ്യും.'
'റിട്ടേണിംഗ് ഓഫീസർമാരുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന്, ഇവിഎമ്മുകൾക്ക് മുമ്പ് പോസ്റ്റൽ ബാലറ്റുകൾ രണ്ട് റൗണ്ട് എണ്ണും. ഫോം 17 സി യും ഇവിഎം ഡാറ്റയും തമ്മിൽ പൊരുത്തക്കേട് കാണുന്ന എല്ലാ സാഹചര്യങ്ങളിലും വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണൽ നിർബന്ധമാക്കും.' ഗ്യാനേഷ് കുമാർ കൂട്ടിച്ചേർത്തു. 'യോഗ്യതയുള്ള ഒരു വോട്ടറെയും ഒഴിവാക്കരുത്, അതേസമയം ഒരു അനർഹനായ വ്യക്തിയെയും ഉൾപ്പെടുത്തരുത്' എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്‌ഐആർ) നിർവഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വോട്ടെടുപ്പ് തയ്യാറെടുപ്പ് അവലോകനത്തെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം പറഞ്ഞു, 'മുഴുവൻ സംസ്ഥാന തിരഞ്ഞെടുപ്പ് സംവിധാനങ്ങളുമായും ഞങ്ങൾ കൂടിക്കാഴ്ചകളും എല്ലാ രാഷ്ട്രീയ പാർട്ടികളുമായും വിശദമായ ആശയവിനിമയങ്ങളും നടത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ പോകുന്ന യുവാക്കളെയും ഞങ്ങൾ കണ്ടുമുട്ടി. കേരളത്തിൽ എസ്‌ഐആർ വിജയകരമായി പൂർത്തിയാക്കിയതിന് ഞങ്ങളുടെ ബൂത്ത് ലെവൽ ഓഫീസർമാരുടെ കഠിനാധ്വാനത്തെ ഞാൻ അഭിനന്ദിക്കുന്നു. ജനാധിപത്യം കേരളത്തിന് പുതിയതല്ല; വാസ്തവത്തിൽ, കേരളം രാജ്യത്തെയും ലോകത്തെയും ഇത് പഠിപ്പിച്ചു. 1960 ൽ കേരളം ആദ്യത്തെ പെരുമാറ്റച്ചട്ടം ഉണ്ടാക്കി, പിന്നീട് എല്ലാ പാർട്ടികളുമായും കൂടിയാലോചിച്ച് ഇലക്ഷൻ കമ്മീഷൻ ഇത് അംഗീകരിച്ചു.'

'എല്ലാ പോളിംഗ് സ്റ്റേഷനുകളിലും 100 ശതമാനം വെബ് കാസ്റ്റിംഗ് ഉണ്ടായിരിക്കും. വോട്ടർമാർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകാൻ കമ്മീഷൻ തീരുമാനിച്ചിരുന്നു. ഒരു ബൂത്തിലും 1200 -ൽ കൂടുതൽ വോട്ടർമാർ ഉണ്ടാകരുത്. സ്ത്രീകൾ നിയന്ത്രിക്കുന്ന 397 പോളിംഗ് ബൂത്തുകളും 790 മോഡൽ പോളിംഗ് സ്റ്റേഷനുകളും ഉണ്ടാകും. 2.43 ലക്ഷം ദിവ്യാംഗ വോട്ടർമാരും 85 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ട് ലക്ഷത്തിലധികം മുതിർന്ന പൗരന്മാരുമുണ്ട്. അവർക്ക് അവരുടെ വീടുകളിൽ ഓപ്ഷണൽ വോട്ടിംഗ് ഉണ്ടായിരിക്കും. 100 വയസ്സിനു മുകളിൽ പ്രായമുള്ള 1571 വോട്ടർമാരുണ്ട്.' 

ഗ്യാനേഷ് കുമാർ സ്പീക്കിംഗ്

'എറണാകുളം നിവാസികൾക്ക് 22 വർഷം മുമ്പത്തെ കളക്ടറുടെ നമസ്‌കാരം' ഗ്യാനേഷ് കുമാർ നിറചിരിയോടെ മലയാളത്തിൽ സംസാരിച്ചു. 
നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം പോലീസിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം അവിടെ നിന്ന് ആദ്യമെത്തിയത് താൻ കളക്ടറായിരുന്നപ്പോൾ നവീകരിച്ച എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിലും ശിവക്ഷേത്രത്തിലുമാണ്. 2001 മുതൽ 2004 വരെയുള്ള 36 മാസമാണ് എറണാകുളം കളക്ടർ പദവിയിലിരുന്നത്. ഭരണകാലയളവിൽ നഗരത്തിന് അദ്ദേഹം നൽകിയ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് ഡർബാർ ഹാൾ മൈതാനത്തിന്റെ മനോഹരമായ രൂപമാറ്റം.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ചെയർമാൻ എന്ന നിലയിൽ മൈതാനത്തിന് ചുറ്റും ഗ്യാനേഷ്‌കുമാർ മുൻകൈയെടുത്ത് പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തി. 'ഡർബാർ ഹാൾ ഗ്രൗണ്ടിനെക്കുറിച്ച് എനിക്ക് ഒരുപാട് ഓർമ്മകളുണ്ട്. അന്ന് ഗ്രൗണ്ടിന്റെ നവീകരണത്തിനായി ഒരുപാട് പരിശ്രമിച്ചിരുന്നു. ആ പദ്ധതികളെല്ലാം ഇന്നും വിജയകരമായി നിലനിൽക്കുന്നു, സന്തോഷമുണ്ട്,' അദ്ദേഹം പറഞ്ഞു. മൈതാനത്ത് വൃക്ഷത്തൈ നട്ടശേഷം ആർട്ട് ഗാലറിയും എറണാകുളത്തപ്പൻ അദ്ധ്യാത്മിക ഗ്രന്ഥശാലയും ഗ്യാനേഷ് കുമാർ സന്ദർശിച്ചു. ശിവക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹത്തെ ക്ഷേത്രഭാരവാഹികൾ പൊന്നാടയണിയിച്ച് സ്വീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഡോ.എസ്.എസ്. സന്ധു, ഡോ. വിവേക് ജോഷി, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽകർ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അനുഗമിച്ചു.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കൊച്ചിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോടും മുതിർന്ന ഉദ്യോഗസ്ഥരോടുമൊപ്പമാണ് കൊച്ചിയിൽ അംഗീകൃത ദേശീയ, സംസ്ഥാന രാഷ്ട്രീയപ്പാർട്ടികളുമായി ചർച്ചകൾ നടത്തിയത്.
യോഗത്തിൽ ആം ആദ്മി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, ഭാരതീയ ജനതാ പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്), ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നീ ദേശീയപ്പാർട്ടികളുടെ പ്രതിനിധികൾക്കു പുറമെ സംസ്ഥാന തലത്തിലുള്ള പാർട്ടികളായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (എം), റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി) എന്നിവയുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.

വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ ഏറ്റവും സുതാര്യമായാണ് നടന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പുകൾ എപ്പോഴും നിയമപ്രകാരം നിഷ്പക്ഷവും സ്വതന്ത്രവും സുതാര്യവുമായാണ് നടത്തുന്നത്. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനോ ഒഴിവാക്കുന്നതിനോ മാറ്റങ്ങൾ വരുത്തുന്നതിനോ ഉള്ള ഫോമുകൾ ഇപ്പോഴും സമർപ്പിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.അപ്പീൽ സൗകര്യവുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനം സമാധാനപരമായും സുഗമമായും നടത്തുന്നതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെ മിക്ക രാഷ്ട്രീയ പാർട്ടികളും യോഗത്തിൽ അഭിനന്ദിച്ചു. ബൂത്ത് ലെവൽ ഓഫീസർമാർ നടത്തുന്ന മികച്ച പ്രവർത്തനങ്ങളും പ്രശംസ നേടി. 

തിരഞ്ഞെടുപ്പുകാലത്ത് പണത്തിന്റെ സ്വാധീനം തടയുന്നതിനും മദ്യത്തിന്റെയും സൗജന്യങ്ങളുടെയും വിതരണം തടയുന്നതിനും കർശന നടപടികൾ സ്വീകരിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ കമ്മീഷനോട് ആവശ്യപ്പെട്ടു. കേരളത്തിലെ പ്രാദേശിക ഉത്സവങ്ങൾ കൂടി കണക്കിലെടുത്ത് വേണം തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനെന്ന് ചില പാർട്ടികൾ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ആചാരപരമായ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് സംബന്ധിച്ച പരാതികൾ നൽകാൻ സിവിജിൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ കമ്മീഷൻ രാഷ്ട്രീയപ്പാർട്ടികളെ പ്രോത്സാഹിപ്പിച്ചു. വോട്ടർമാരുടെ സൗകര്യാർത്ഥം പോളിംഗ് സ്റ്റേഷനുകളിൽ റാംപ്, വീൽചെയർ, കുടിവെള്ളം തുടങ്ങിയ മിനിമം സൗകര്യങ്ങൾ ഉറപ്പാക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img